മൻമോഹൻ സിംഗിന് ഭാരതരത്ന നൽകണം; പ്രധാനമന്ത്രിയോട് ആവശ്യവുമായി രേവന്ത് റെഡ്ഡി

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകണമെന്ന് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. ഹൈദരാബാദ് ഗച്ചിബൗളിയിലെ വിപ്രോ സർക്കിളിൽ മൻമോഹൻ സിംഗിന്റെ പ്രതിമ അനാച്ഛാദനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൗനത്തെ തന്റെ ഭാഷയാക്കി രാജ്യത്തിന് മികച്ച ഭരണവും സാമ്പത്തിക ദിശാബോധവും നൽകിയ രാഷ്ട്രതന്ത്രജ്ഞനാണ് മൻമോഹൻ സിംഗെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. അദ്ദേഹത്തിന് ഭാരതരത്ന നൽകുന്നതിൽ കേന്ദ്ര സർക്കാരിന് എന്താണ് എതിർപ്പെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തിന് സംഭാവന നൽകിയ ബുദ്ധിജീവികളെയും നേതാക്കളെയും ആദരിക്കേണ്ടതുണ്ടെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക രംഗം പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിലാണ് മൻമോഹൻ സിംഗ് പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തതെന്നും അദ്ദേഹം അനുസ്മരിച്ചു.

മുൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെയും മൻമോഹൻ സിംഗിന്റെയും സാമ്പത്തിക ദർശനമാണ് രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് അടിത്തറയിട്ടതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. 1991ലെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ദീർഘകാല പ്രതിഫലനമാണ് ഇന്ന് ഹൈദരാബാദിലെ ഐടി, സാമ്പത്തിക മേഖലകളുടെ വളർച്ചയിലും കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെലങ്കാന സംസ്ഥാന രൂപീകരണത്തിലും മൻമോഹൻ സിംഗിന്റെ പ്രധാനമന്ത്രിപദകാലത്തിന് നിർണായക സ്ഥാനമുണ്ടായിരുന്നുവെന്ന് രേവന്ത് റെഡ്ഡി ചൂണ്ടിക്കാട്ടി. മൻമോഹൻ സിംഗിന്റെ കാലത്തെ വിവിധ നിയമനിർമാണങ്ങളും സാമ്പത്തിക പരിഷ്കാരങ്ങളും രാജ്യത്തിന്റെ വികസനത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.

മൻമോഹൻ സിംഗിന്റെ ജീവിതവും പൊതുപ്രവർത്തനവും ജെൻ-ഇസഡ് ഉൾപ്പെടെയുള്ള പുതിയ തലമുറകൾക്ക് പ്രചോദനമാണെന്നും രേവന്ത് റെഡ്ഡി അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക