നാട്ടിലെ ഗണപതി നിമജ്ജനം കഴിഞ്ഞു, ഗ്യാനേഷിന്റേത് ബാക്കിയാണ്: പ്രകാശ് രാജ്

മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുമ്പോൾ ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ വാഴ്ത്തുന്നവരുണ്ടെന്ന പരാമർശവുമായി നടൻ പ്രകാശ് രാജ്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പങ്കുവച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഗാന്ധി ജയന്തി ആശംസകൾ നേർന്നുകൊണ്ടാണ് പ്രകാശ് രാജ് വീഡിയോ ആരംഭിച്ചത്. ഗാന്ധിജിയുടെ ആശയങ്ങളും ജനാധിപത്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഗോഡ്‌സെയെ വാഴ്ത്തുന്നവർക്കെതിരെ വിമർശനമുന്നയിച്ചു.

രാജ്യത്തെ പൗരത്വത്തെയും ജനാധിപത്യത്തെയും ബാധിക്കുന്നുവെന്ന് താൻ ആരോപിക്കുന്ന എസ്‌ഐആർ നടപടികൾക്കെതിരെയും പ്രകാശ് രാജ് വിമർശനം ഉന്നയിച്ചു. യുവജനങ്ങളും പൗരസമൂഹവും ഇത്തരം നടപടികൾ അനുവദിക്കില്ലെന്നും അവകാശങ്ങൾക്കായുള്ള സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഡൽഹിയിലും മുംബൈയിലും നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകണമെന്നും അദ്ദേഹം വീഡിയോയിൽ ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് CJP ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

വീഡിയോയുടെ അവസാനത്തിൽ ഗണപതി നിമജ്ജനത്തെ പരാമർശിച്ചുകൊണ്ട് ഗ്യാനേഷ് കുമാറിനെതിരെയും പരിഹാസരൂപത്തിലുള്ള പരാമർശം പ്രകാശ് രാജ് നടത്തി. “ നാട്ടിലെ ഗണപതി നിമജ്ജനം കഴിഞ്ഞു, ഗ്യാനേഷിന്റേത് ബാക്കിയാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

മറുപടി രേഖപ്പെടുത്തുക