എസ്‌ഐആറുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ പരാതികളുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സുതാര്യത ആവശ്യപ്പെട്ടാണ് യുഡിഎഫ് ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആറിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളും റദ്ദാക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടർപട്ടികയെയും അട്ടിമറിച്ച് 102 സീറ്റുകൾ നേടി അധികാരത്തിലെത്തിയ ആളാണ് ഇവിടെയുള്ളതെന്നായിരുന്നു മറ്റൊരു പരാമർശം. അതേസമയം, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരസ്യമായി പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ വിമർശനങ്ങൾക്ക് അതീതനല്ലെന്നും തന്റെ പ്രവർത്തനശൈലി ഇതുതന്നെയാണെന്നും വ്യക്തമാക്കി.
എല്ലാ തീരുമാനങ്ങളും പരിചയസമ്പന്നരായ മന്ത്രിമാരുമായും മുതിർന്ന നേതാക്കളുമായും ആലോചിച്ചാണ് എടുക്കുന്നതെന്ന് സതീശൻ പറഞ്ഞു. നയപരമായ കാര്യങ്ങൾ പാർട്ടിയെ അറിയിക്കാറുണ്ടെന്നും എന്നാൽ ദൈനംദിന ഭരണകാര്യങ്ങളിൽ ഓരോന്നിലും കൂടിയാലോചന സാധ്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. വിഷയത്തിൽ ഹൈക്കമാൻഡ് വിശദീകരണം തേടിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
വിമാനയാത്രയുടെ സ്പോൺസർ ആരെന്ന ചോദ്യത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി തയ്യാറായില്ല. അതേസമയം, സർക്കാർ ഹെലികോപ്റ്റർ കരാർ പുതുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വർഷത്തേക്ക് വലിയ സാമ്പത്തിക ബാധ്യത വരുന്നതിനാലാണ് കരാർ പുതുക്കേണ്ടെന്ന തീരുമാനമെന്നും പറഞ്ഞു.
സംസ്ഥാനത്ത് ചില മരുന്നുകൾക്ക് മാത്രമാണ് ക്ഷാമമുള്ളതെന്നും എല്ലായിടത്തും മരുന്നുകുറവില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. മുൻകാലത്തെ പ്രശ്നങ്ങളാണ് മരുന്നുക്ഷാമത്തിന് കാരണമെന്നും നിലവിലെ സർക്കാരിന്റെ നടപടികൾ മൂലമല്ല ഈ സാഹചര്യമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
