സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരവും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടും രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായാണ് വിവരം.
അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. മകൾ ടി. വീണയെ രണ്ടാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ മുഹമ്മദ് റിയാസും ടി. വീണയും പ്രതികളാണെന്നാണ് റിപ്പോർട്ട്.
വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതോടെ വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) തുടർനടപടികളും ശ്രദ്ധേയമാകുകയാണ്. കേസുമായി ബന്ധപ്പെട്ട് ഇഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം, മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിണറായി വിജയൻ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
