കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് ആക്രമണശ്രമമുണ്ടായെന്ന പരാതി. ചൊവ്വാഴ്ച വൈകുന്നേരം കാളിഘട്ടിലെ വസതിക്കു സമീപമാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരും പാർട്ടി പ്രവർത്തകരും ഇടപെട്ട് സ്ത്രീയെ തടഞ്ഞതിനാൽ മമതയ്ക്ക് പരിക്കേറ്റില്ല. സംഭവത്തോടെ അവരുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.
വസതിക്കു സമീപമുള്ള ദുർഗാപൂജ മണ്ഡപം ഉദ്ഘാടനം ചെയ്യുന്നതിനായി വൈകുന്നേരം ആറുമണിയോടെ മമത പുറത്തേക്കിറങ്ങിയപ്പോഴാണ് സ്ത്രീ സുരക്ഷാവലയം മറികടന്ന് അടുത്തെത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. മമതയുടെ മരുമകളാണെന്ന് അവകാശപ്പെട്ട സ്ത്രീ അവരെ ‘പിഷി’ എന്ന് വിളിച്ച് മുന്നോട്ടു നീങ്ങിയതായും അസഭ്യം പറയുകയും റോഡിൽ കിടന്ന് ബഹളംവെക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ഉടൻ ഇടപെട്ട തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ സ്ത്രീയെ തടഞ്ഞ് പൊലീസിന് കൈമാറി. പരിശോധനയിൽ അവരുടെ സാരിയിൽ ഒളിപ്പിച്ച നിലയിൽ കത്തി കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ടിഎംസി രാജ്യസഭാംഗം ദോല സെൻ കാളിഘട്ട് പൊലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി.
തനിഷ്ഠ സാഹ എന്നറിയപ്പെടുന്ന സ്ത്രീയുടെ പേര് പൊലീസ് രേഖകളിൽ അനുസുയ സാഹയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇവർക്ക് 38 വയസ്സാണെന്നും സിവിൽ വളണ്ടിയറായി ജോലി ചെയ്യുന്നുണ്ടെന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്. ഇവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
സംഭവം കൊൽക്കത്ത പൊലീസ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. മമതയെ തടസ്സപ്പെടുത്തി തർക്കത്തിൽ ഏർപ്പെട്ട കാര്യം സ്ത്രീ സമ്മതിച്ചതായും ടിഎംസി പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരുന്നതായും പൊലീസ് അറിയിച്ചു.
‘ഇസഡ് പ്ലസ്’ സുരക്ഷയുള്ള മമത ബാനർജിയുടെ അടുത്തേക്ക് കത്തിയുമായി ഒരാൾക്ക് എത്താൻ കഴിഞ്ഞത് സുരക്ഷാ വീഴ്ചയാണെന്ന് ടിഎംസി നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിനുശേഷവും മമത പതിവുപോലെ ദുർഗാപൂജ മണ്ഡപം ഉദ്ഘാടനം ചെയ്യുന്ന പരിപാടി തുടർന്നു.
