രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടിയെ ചോദ്യം ചെയ്ത് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി സുപ്രീം കോടതിയെ സമീപിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ വൻതോതിൽ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
ഒവൈസിക്കുവേണ്ടി അഭിഭാഷകൻ നിസാമുദ്ദീൻ പാഷയാണ് കോടതിയിൽ വിഷയം ഉന്നയിച്ചത്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് നേരത്തേ സമർപ്പിച്ച മറ്റ് ഹർജികൾക്കൊപ്പം ഒവൈസിയുടെ ഹർജിയും വ്യാഴാഴ്ച പരിഗണിക്കണമെന്ന് അദ്ദേഹം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനോട് അഭ്യർഥിച്ചു. ആവശ്യം പരിഗണിക്കുമെന്നും അനുബന്ധ ഹർജികൾക്കൊപ്പം പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്നും ഒവൈസി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാപ്പിങ് ഉൾപ്പെടെയുള്ള വ്യവസ്ഥകളും ഫോം-6 അപേക്ഷകളുമായി ബന്ധപ്പെട്ട നടപടികളും വോട്ടർമാർക്ക് അധികബാധ്യത സൃഷ്ടിക്കുമെന്ന ആശങ്കയും അദ്ദേഹം ഉന്നയിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ എസ്.ഐ.ആറിനെ ചോദ്യം ചെയ്ത് നേരത്തേ സുപ്രീം കോടതിയിൽ ഹർജികൾ സമർപ്പിച്ചിരുന്നു. ഈ ഹർജികൾക്കൊപ്പം ഒവൈസിയുടെ ഹർജിയും പരിഗണിക്കപ്പെടുന്നതോടെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നിയമപരമായ വാദങ്ങൾ കോടതിയിൽ വീണ്ടും ചർച്ചയാകും.
