മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധങ്ങളിൽ ഐസ നേതാവ് നേഹ ബോറയ്ക്ക് രാഹുൽ ഗാന്ധി കൂടുതൽ പ്രാധാന്യം നൽകുന്നതായി വിമർശനം. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐയിലെ ഒരു വിഭാഗമാണ് അതൃപ്തിയുമായി രംഗത്തെത്തിയതെന്നാണ് റിപ്പോർട്ടുകൾ.
എൻഎസ്യുഐയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര് ഒരു നേതാവ് ‘വീ ദ് ചോട്ടൂ’ എന്നാക്കി മാറ്റിയാണ് പ്രതിഷേധം അറിയിച്ചത്. മറ്റു ചിലർ ഗ്രൂപ്പിൽത്തന്നെ വിമർശനങ്ങൾ രേഖപ്പെടുത്തി. എൻഎസ്യുഐ നേതാക്കളും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിനുശേഷം ഗ്രൂപ്പിന്റെ പേര് പഴയ നിലയിലാക്കിയതായും റിപ്പോർട്ടിലുണ്ട്.
സംഘടനയിൽനിന്ന് തന്നെ യുവ നേതാക്കളെ മുന്നോട്ടുകൊണ്ടുവരാൻ കഴിയില്ലേയെന്ന ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്. എൻഎസ്യുഐ പ്രവർത്തകർ ഇത്രയധികം സജീവമായിരിക്കെ നേഹ ബോറയ്ക്ക് എന്തുകൊണ്ടാണ് മുൻഗണന നൽകുന്നതെന്നും തങ്ങൾ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് ആർക്കുവേണ്ടിയാണെന്നും ചിലർ ചോദിച്ചതായാണ് വിവരം.
ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം നേഹ ബോറയും മുൻനിരയിലുണ്ടായിരുന്നു. മാർച്ചിനിടെ രാഹുൽ ഗാന്ധിക്കൊപ്പം വാഹനത്തിലും നേഹ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സംഭവങ്ങളാണ് എൻഎസ്യുഐയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധങ്ങളിലും നേഹ ബോറ സജീവമായി പങ്കെടുത്തിരുന്നു. അന്ന് സംഘടിപ്പിച്ച നിരാഹാര സമരത്തിലും അവർ പങ്കാളിയായിരുന്നു.
പ്രതിപക്ഷ പ്രതിഷേധങ്ങളിൽ വിവിധ സംഘടനകളെ ഒരുമിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്കിടെ, നേഹ ബോറയ്ക്ക് ലഭിക്കുന്ന രാഷ്ട്രീയ പ്രാധാന്യവും എൻഎസ്യുഐയിലെ അതൃപ്തിയും പാർട്ടിക്കുള്ളിൽ ചർച്ചയാകുകയാണ്.
