സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തു; നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്

അമേരിക്കൻ പൗരത്വമുള്ള ബോളിവുഡ് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. ഒക്ടോബർ 28നകം ഇന്ത്യ വിടണമെന്നാണ് നിർദേശം നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മുംബൈയിൽ സിജെപിയെ പിന്തുണച്ച് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് നടപടി.

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) പദവിയുള്ള ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തതിനെതിരെ ബിജെപി നേതാവ് കിരിത് സോമയ്യ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആറിൽ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. മുംബൈ സെൻട്രലിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പരിപാടിക്കിടെ ഇമ്രാൻ ഖാനെയും സുഹൃത്ത് ലേഖ വാഷിംഗ്ടണിനെയും അമ്മ നുസ്രത്തിനെയും അനന്തരവൾ സെയ്‌നെയും ഉൾപ്പെടെ 400ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പൊലീസ് കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ച് സെയ്ൻ പങ്കുവെച്ച വീഡിയോയും നേരത്തേ ശ്രദ്ധ നേടിയിരുന്നു. കസ്റ്റഡിയിലിരിക്കെ തനിക്കുണ്ടായ പരിക്കുകൾ വീഡിയോയിൽ കാണിച്ചതായും റിപ്പോർട്ടുകളുണ്ട്.

പ്രതിഷേധത്തിൽ പങ്കെടുത്തത് പ്രത്യേക ആവശ്യങ്ങൾ ഉന്നയിക്കാനല്ലെന്നും മുംബൈയിൽ താമസിക്കുന്ന ഒരാളെന്ന നിലയിലാണ് എത്തിയതെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കിയിരുന്നു. തനിക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമില്ലെന്നും വ്യക്തിപരമായ നിലയിലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മറുപടി രേഖപ്പെടുത്തുക