സർക്കാർ ഓഫീസുകളിൽ ഫയലുകൾ വിവിധ തട്ടുകളിൽ കുടുങ്ങി ഉത്തരവുകൾക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം മാറ്റുകയാണ് പ്രധാന ലക്ഷ്യമെന്ന് ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ. കമ്മീഷന്റെ പ്രവർത്തനം അലങ്കാര പദവിയായി ഒതുങ്ങാതെ, റിപ്പോർട്ടുകളിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ഭരണപരിഷ്കരണത്തിന്റെ ഗുണം സാധാരണക്കാർക്ക് നേരിട്ട് ലഭിക്കുന്നതിനാണ് മുൻഗണന നൽകുകയെന്നും വ്യക്തമാക്കി.
കേരളത്തിലെ അഞ്ചാമത്തെ ഭരണപരിഷ്കരണ കമ്മീഷനാണ് നിലവിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 1957ൽ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിന്റെ കാലത്താണ് സംസ്ഥാനത്ത് ആദ്യ കമ്മീഷൻ രൂപീകരിച്ചത്. പിന്നീട് ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലും ഇ.കെ. നായനാർ ചെയർമാനായും കമ്മീഷനുകൾ പ്രവർത്തിച്ചു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലായിരുന്നു നാലാമത്തെ കമ്മീഷൻ.
പഴയ റിപ്പോർട്ടുകൾ ആദ്യം പഠിക്കും
ചുമതലയേറ്റതിന് പിന്നാലെ മുൻ ഭരണപരിഷ്കരണ കമ്മീഷനുകളുടെ റിപ്പോർട്ടുകൾ പഠിക്കാനാണ് തീരുമാനമെന്ന് എം.കെ. മുനീർ പറഞ്ഞു. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് 14 റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നെങ്കിലും അവ നടപ്പാക്കാതെ മാറ്റിവച്ചത് കമ്മീഷന്റെ പ്രവർത്തനം ഔപചാരികതയിൽ ഒതുങ്ങുന്നുവെന്ന ധാരണയ്ക്ക് കാരണമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.കെ. നായനാറിന്റെ കാലത്ത് ഏകദേശം അഞ്ചോളം റിപ്പോർട്ടുകൾ സമർപ്പിച്ചിരുന്നു. ഇ.എം.എസിന്റെ രണ്ടു വാല്യങ്ങളിലുള്ള റിപ്പോർട്ടുകൾക്കു പുറമേ ദേശീയതലത്തിലെ ഭരണപരിഷ്കരണ കമ്മീഷനുകളുടെ റിപ്പോർട്ടുകളും പഠനവിധേയമാക്കേണ്ടതുണ്ടെന്ന് മുനീർ വ്യക്തമാക്കി.
റിപ്പോർട്ടുകൾ നടപ്പാക്കുകയാണ് ലക്ഷ്യം
നിരവധി കമ്മീഷനുകൾ പഠനങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കിയിട്ടുണ്ടെങ്കിലും അവയിലെ നിർദേശങ്ങളുടെ ഗുണം താഴെത്തട്ടിലുള്ള ജനങ്ങൾക്ക് വേണ്ടത്ര ലഭിച്ചിട്ടില്ലെന്നതാണ് പ്രധാന പ്രശ്നമെന്ന് മുനീർ പറഞ്ഞു. റിപ്പോർട്ടുകൾ വായിച്ച് പഠിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അവയിലെ നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് ലക്ഷ്യം.
ഭരണസംവിധാനത്തിലെ കാലതാമസം കുറയ്ക്കുക, ഫയലുകൾ അനാവശ്യമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, പൊതുജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിൽ പുതിയ കമ്മീഷൻ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിനായി മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പിന്തുണയുണ്ടെന്നും എം.കെ. മുനീർ വ്യക്തമാക്കി.
