കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ആസ്ഥാനത്തെ താമസം ഉറപ്പാക്കാനും പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കാനും ജിയോഫെൻസിങ് അടിസ്ഥാനമാക്കിയുള്ള രാത്രികാല ഹാജർ സംവിധാനം നടപ്പാക്കുന്നു. ഇതിനായി സർക്കാർ വികസിപ്പിച്ച ‘കർതവ്യ’ മൊബൈൽ ആപ്പ് ഉപയോഗിക്കും. ആദ്യഘട്ടത്തിൽ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർക്ക് സംവിധാനം നിർബന്ധമാക്കും.
2026 നവംബർ ഒന്നുമുതൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് പരീക്ഷണാടിസ്ഥാനത്തിൽ പുതിയ സംവിധാനം നടപ്പാക്കും. ഡോക്ടർമാർ എല്ലാ ദിവസവും രാത്രി ഒൻപതിന് ശേഷം ആപ്പിലൂടെ ഹാജർ രേഖപ്പെടുത്തണം. ഇതിനായി നിയുക്തമാക്കിയ പട്ടണത്തിന്റെയോ നഗരത്തിന്റെയോ ഗ്രാമത്തിന്റെയോ ഭൂമിശാസ്ത്രപരമായ പരിധിക്കുള്ളിൽ തന്നെ ഉണ്ടായിരിക്കണം.
അനുവദിച്ച അവധിയിലുള്ളവർ, യോഗ്യതയുള്ള അധികാരിയുടെ അനുമതിയോടെ ആസ്ഥാനത്തിന് പുറത്തുള്ള ഔദ്യോഗിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ, ആസ്ഥാനം വിടാൻ മുൻകൂർ അനുമതി നേടിയവർ എന്നിവർക്ക് ഇളവുണ്ടാകും. എന്നാൽ അവധിയുടെയോ അനുമതിയുടെയോ കാരണം ആപ്പിൽ രേഖപ്പെടുത്തണം.
നിയമലംഘകർക്ക് അച്ചടക്ക നടപടി
കമ്മീഷണർമാരും ജില്ലാ ആരോഗ്യ ഓഫീസർമാരും എല്ലാ മാസവും രാത്രികാല ഹാജർ റിപ്പോർട്ടുകൾ പരിശോധിക്കണം. അനുമതിയില്ലാതെ നിയുക്ത ആസ്ഥാനത്ത് താമസിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ബാധകമായ സിവിൽ സർവീസ് ചട്ടങ്ങൾ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ഒക്ടോബർ 17ന് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
നിരവധി സർക്കാർ ജീവനക്കാർ നിയുക്ത ആസ്ഥാനങ്ങളിൽ താമസിക്കാതെ ദൂരസ്ഥലങ്ങളിൽനിന്ന് ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇതുമൂലം ഔദ്യോഗിക പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാകുകയും പൊതുജനങ്ങൾക്ക് അസൗകര്യം നേരിടേണ്ടിവരികയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ഉപലോകായുക്തയുടെ ഇടപെടലുകൾക്കുശേഷം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ പ്രജാ സേവാ വകുപ്പാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്.
പൈലറ്റ് പദ്ധതിയുടെ ഫലം വിലയിരുത്തിയശേഷം മറ്റ് വകുപ്പുകളിലേക്കും ജീവനക്കാരുടെ വിവിധ വിഭാഗങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കരാർ ജീവനക്കാർക്കും കർതവ്യ ആപ്പ് നിർബന്ധം
സർക്കാർ വകുപ്പുകൾ, ഓഫീസുകൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, അതോറിറ്റികൾ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കരാർ, ഔട്ട്സോഴ്സ് ജീവനക്കാർക്കും കർതവ്യ ആപ്പ് വഴി ഹാജർ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി. നേരത്തെ സ്ഥിരം സർക്കാർ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സംവിധാനമാണ് ഇവർക്കും വ്യാപിപ്പിക്കുന്നത്.
കരാർ, ഔട്ട്സോഴ്സ് ജീവനക്കാർ 2026 നവംബർ 25നകം ആപ്പിൽ രജിസ്റ്റർ ചെയ്യണം. ഡിസംബർ ഒന്നുമുതൽ ഇവരുടെ ഹാജർ കർതവ്യ ആപ്പ് വഴി മാത്രമേ രേഖപ്പെടുത്താവൂ.
2027 ജനുവരി ഒന്നുമുതൽ ആപ്പിലെ ഹാജർ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കരാർ ജീവനക്കാരുടെ ശമ്പളവും ഔട്ട്സോഴ്സിങ് ഏജൻസികളുടെ ബില്ലുകളും അനുവദിക്കൂ. ആപ്പിൽ ഹാജർ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ലെന്ന് ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫീസർമാർക്ക് (ഡിഡിഒ) നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ കരാർ, ഔട്ട്സോഴ്സ് ജീവനക്കാരുടെ ഹാജർ കൈയെഴുത്ത് രജിസ്റ്ററുകളിലൂടെയും മറ്റ് സംവിധാനങ്ങളിലൂടെയുമാണ് രേഖപ്പെടുത്തുന്നത്. ശമ്പളം സർക്കാർ ഫണ്ടിൽനിന്ന് നൽകുന്നതിനാൽ ഹാജർ രേഖകളിൽ ഏകീകൃതതയും സുതാര്യതയും ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.
