വനിതാ സംവരണത്തെ മറയാക്കി ബിജെപി ഗൂഢരാഷ്ട്രീയം നടത്തുകയാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ. പാർലമെന്റിന്റെ ഘടനയും സ്വഭാവവും മാറ്റുന്നതിനായി മണ്ഡല പുനർനിർണയം (ഡീലിമിറ്റേഷൻ) നടപ്പാക്കുകയാണ് ബിജെപിയുടെ യഥാർഥ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ഈ മാസം 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ബില്ലിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യം യോഗം ചേർന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വനിതാ സംവരണത്തിന്റെ പേരിൽ ബിജെപി പലതരം തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും എന്നാൽ അവരുടെ പ്രധാന ലക്ഷ്യം മണ്ഡല പുനർനിർണയമാണെന്നും ഡി. രാജ ഐഎഎൻഎസിനോട് പറഞ്ഞു. ഇതിലൂടെ പാർലമെന്റിന്റെ രൂപവും ഘടനയും മാറ്റാനാണ് ശ്രമം. വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആശങ്കകൾ വിലയിരുത്തി പാർലമെന്റിൽ സ്വീകരിക്കേണ്ട സംയുക്ത തന്ത്രം രൂപീകരിക്കുകയാണ് ഇന്ത്യാ സഖ്യത്തിന്റെ യോഗത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐ നേതാവ് ആനി രാജയും ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലപാടെടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഓരോ പാർട്ടിക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെങ്കിലും അവയെല്ലാം ചർച്ച ചെയ്ത് പൊതുനിലപാടിലെത്തുമെന്നും അവർ പറഞ്ഞു. ബില്ലിന്റെ കാര്യത്തിൽ ഇന്ത്യാ സഖ്യത്തിൽ ഭിന്നതയുണ്ടാകില്ലെന്നും പാർലമെന്റിൽ സംയുക്തമായാണ് വിഷയത്തെ നേരിടുകയെന്നും ആനി രാജ വ്യക്തമാക്കി.
