പുതുമുഖ നടി സാത്വിക വീരവള്ളിയെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലി. സാത്വിക ഭാവിയിൽ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ വലിയ താരമായി മാറുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഓക താര’ എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജമൗലി. ഈ ചിത്രത്തിലൂടെയാണ് സാത്വിക നായികയായി അരങ്ങേറ്റം കുറിച്ചത്.
തെലുങ്ക് പ്രേക്ഷകർ എല്ലാ ഭാഷകളിൽ നിന്നുമുള്ള നടിമാരെയും പിന്തുണയ്ക്കുന്നവരാണെങ്കിലും, ഒരു തെലുങ്ക് പെൺകുട്ടി വലിയ താരമായി ഉയരണമെന്ന ആഗ്രഹം അവർക്കുണ്ടെന്ന് രാജമൗലി പറഞ്ഞു. ശ്രീദേവി, ജയപ്രദ, ജയസുധ തുടങ്ങിയ പ്രതിഭാധനരായ നടിമാരെ തെലുങ്ക് സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. ആ നിരയിലേക്ക് മറ്റൊരു തെലുങ്ക് നടി കൂടി ഉയർന്നുവരണമെന്നാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇപ്പോൾ സാത്വിക വീരവള്ളി എത്തിയിരിക്കുന്നു. നീ ഇന്ത്യൻ ചലച്ചിത്രമേഖലയിലെ വളരെ വലിയ താരമായി മാറും. അതിൽ സംശയമില്ല. ഞങ്ങൾക്കുവേണ്ടി വേഗം തെലുങ്ക് പഠിക്കൂ,” സാത്വികയെ നോക്കി രാജമൗലി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ചടങ്ങിൽ വലിയ കൈയടിയാണ് നേടിയത്.
‘ആകാശംലോ ഓക താര’യെ ഹൃദയസ്പർശിയായ ചിത്രമെന്നും രാജമൗലി വിശേഷിപ്പിച്ചു. ദുൽഖർ സൽമാന്റെ സാന്നിധ്യമില്ലായിരുന്നെങ്കിൽ ചിത്രം ഇത്രയധികം പ്രേക്ഷകരിലേക്ക് എത്തുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുന്നം ഗംഗാരാജുവിന്റെ സംഭാഷണങ്ങളും തിരക്കഥയും സംവിധായകൻ പവൻ സാദിനേനിയുടെ മികവുറ്റ സംവിധാനവും പ്രത്യേകം പ്രശംസിച്ചു.
ശ്രുതി ഹാസൻ, റുഹാനി ശർമ്മ തുടങ്ങി ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പ്രകടനത്തെയും രാജമൗലി അഭിനന്ദിച്ചു. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ സംവിധായകനിൽനിന്ന് ലഭിച്ച പ്രശംസ സാത്വികയുടെ സിനിമാ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്.
