ചിറയിൻകീഴിലെ കോൺഗ്രസ് ആഭ്യന്തര തർക്കവും കയ്യാങ്കളി വിവാദവും തുടരുന്നു. രമ്യ ഹരിദാസ് എംഎൽഎ നൽകിയ പരാതി പിന്‍വലിക്കാത്തതിൽ എതിർവിഭാഗത്തിന് കടുത്ത അതൃപ്തിയെന്നാണ് വിവരം. ഇരുവിഭാഗങ്ങളും നൽകിയ പരാതികൾ പിൻവലിക്കണമെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ നിർദേശമെന്നാണ് എതിർവിഭാഗത്തിന്റെ നിലപാട്. എന്നാൽ, തന്നെ ആക്രമിച്ചെന്ന പരാതിയിൽ രമ്യ ഹരിദാസ് നിലപാട് മാറ്റിയില്ലെന്നാണ് ഇവരുടെ ആരോപണം.
വിഷയം കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയെ അറിയിക്കാനും എതിർവിഭാഗം ഒരുങ്ങുന്നതായാണ് വിവരം. ചിറയിൻകീഴിലെ തർക്കവുമായി ബന്ധപ്പെട്ട് കെപിസിസി നേരത്തെ അന്വേഷണ സമിതിയെ നിയോഗിക്കുകയും ഇരുവിഭാഗങ്ങളുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
രമ്യ ഹരിദാസ് നൽകിയ പരാതിയിൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു കേസ്. സംഭവത്തിന് പിന്നാലെ കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമാവുകയും പ്രാദേശിക തലത്തിൽ തന്നെ രമ്യ ഹരിദാസിനെതിരെ നേതാക്കൾ രംഗത്തെത്തുകയും ചെയ്തിരുന്നു.
കയ്യാങ്കളി സംഭവത്തിൽ കെപിസിസി അന്വേഷണ സമിതി ഗുരുതരമായ അച്ചടക്കലംഘനം നടന്നതായി നേരത്തെ വിലയിരുത്തിയിരുന്നു. തുടർന്ന് സമിതി റിപ്പോർട്ട് കെപിസിസി അധ്യക്ഷന് കൈമാറുകയും വിഷയത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് നേതൃത്വം വ്യക്തമാക്കുകയും ചെയ്തു.
ഇതിനിടെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ചിറയിൻകീഴ് മണ്ഡലത്തിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടതും പാർട്ടിയിലെ ആഭ്യന്തര തർക്കത്തിന് രാഷ്ട്രീയമാനം നൽകി. സംഘടനയിലെ ഭിന്നതയും കയ്യാങ്കളി വിവാദവും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായെന്ന വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.
കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തിനും കെപിസിസി താക്കീത് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
