എന്നോട് അഭിപ്രായം ചോദിക്കുന്നില്ല; ബിജെപിക്കെതിരെ അതൃപ്തി തുറന്നുപറഞ്ഞ് അമരീന്ദർ സിംഗ്

സ്വന്തം പാർട്ടിയായ ബിജെപിക്കെതിരെ അതൃപ്തിയും നിരാശയും തുറന്നുപറഞ്ഞ് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബ് രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടിന്റെ അനുഭവമുണ്ടായിട്ടും സംസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടി തന്റെ അഭിപ്രായങ്ങൾ പരിഗണിക്കുന്നില്ലെന്നാണ് അമരീന്ദർ സിംഗിന്റെ വിമർശനം. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പഞ്ചാബിലെ പാർട്ടി കാര്യങ്ങൾ നിയന്ത്രിക്കുന്ന ചില നേതാക്കൾക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു വർഷത്തെ പരിചയം പോലുമില്ലെന്നും, എന്നാൽ തന്റെ അനുഭവം പാർട്ടി വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ലെന്നും അമരീന്ദർ സിംഗ് പറഞ്ഞു. പഞ്ചാബ് നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ 60 വർഷത്തെ അനുഭവമുള്ളതിനാൽ തന്റെ അഭിപ്രായങ്ങൾ പാർട്ടി തേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബിജെപി വിടുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ അമരീന്ദർ സിംഗ് നിഷേധിച്ചു. പാർട്ടി വിടാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും എന്നാൽ പഞ്ചാബിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കേണ്ടത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു അഭിമുഖത്തിലും ബിജെപിക്കെതിരായ അതൃപ്തി അമരീന്ദർ സിംഗ് പ്രകടിപ്പിച്ചു. ബിജെപിയിൽ ചേർന്ന് നാല് വർഷം പിന്നിട്ടിട്ടും തനിക്ക് പാർട്ടിയിൽ യാതൊരു സ്ഥാനവും നൽകിയിട്ടില്ലെന്നും പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാർട്ടി ഒരിക്കലും തന്നോട് അഭിപ്രായം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിന്റെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് ബിജെപിക്ക് മതിയായ ധാരണയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2002 മുതൽ 2007 വരെയും 2017 മുതൽ 2021 വരെയും രണ്ട് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിംഗ്, 2021ൽ കോൺഗ്രസുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ടിരുന്നു. തുടർന്ന് രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് 2022ൽ ബിജെപിയിൽ ലയിപ്പിച്ചു.

അടുത്ത പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെയാണ് ബിജെപി നേതൃത്വത്തിനെതിരായ അമരീന്ദർ സിംഗിന്റെ പരസ്യ പ്രതികരണം ശ്രദ്ധേയമാകുന്നത്.

മറുപടി രേഖപ്പെടുത്തുക