തന്നെ മത്സരിപ്പിക്കരുതെന്ന കത്ത് വ്യാജമെന്ന സണ്ണി ജോസഫിന്റെ പ്രസ്താവന തള്ളി കെ സുധാകരൻ

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കരുതെന്ന സണ്ണി ജോസഫിന്റെ കത്ത് വ്യാജമാണെന്ന ആരോപണം കെ. സുധാകരൻ തള്ളി. പ്രചരിക്കുന്ന കത്ത് യഥാർത്ഥമാണെന്നാണു താൻ മനസ്സിലാക്കുന്നതെന്നും, അതിലെ വിവരങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തിലെ ഉള്ളടക്കത്തിൽ ആരും പ്രതികരിക്കാത്തത് സംശയാസ്പദമാണെന്നും, വിഷയത്തിൽ എന്തെങ്കിലും മറച്ചുവെക്കപ്പെടുന്നുണ്ടെന്ന തോന്നൽ ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ഇതുസംബന്ധിച്ച് ദേശീയ നേതൃത്വത്തിനും പരാതി നൽകുമെന്നും, ഡിജിപിക്ക് നാളെ രാവിലെ തന്നെ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കണ്ണൂർ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റർഹെഡിൽ വ്യാജവാർത്ത സൃഷ്ടിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്കും കളക്ടർക്കും റിട്ടേണിംഗ് ഓഫീസർക്കും പരാതി നൽകി.

ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് ഉൾപ്പെടെയുള്ള സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യാജവാർത്ത നീക്കം ചെയ്യുകയും ഇത്തരം പ്രചരണം തടയുകയും ചെയ്യണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക