മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ എഐസിസി നിരീക്ഷകർക്ക് മുസ്ലീംലീഗ് തന്റെ നിലപാട് അറിയിച്ചതായി ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി . യുഡിഎഫിലെ ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമാകും ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ കാര്യങ്ങൾ തുറന്നു പറയാൻ കഴിയില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇതിനിടെ, കോൺഗ്രസ് നിയമസഭാ കക്ഷിയോഗം പൂർത്തിയായതോടെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പ്രമുഖ നേതാക്കളും തങ്ങൾക്ക് മുൻതൂക്കമുണ്ടെന്ന അവകാശവാദവുമായി രംഗത്തുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
എഐസിസി നിയോഗിച്ച നിരീക്ഷകർക്ക് മുന്നിൽ കോൺഗ്രസ് എംഎൽഎമാർ തങ്ങളുടെ അഭിപ്രായങ്ങളും പിന്തുണയും രേഖപ്പെടുത്തിയതായും വിവരം ലഭിക്കുന്നു.
