തൃക്കരിപ്പൂരിൽ ലീഗ് വർഗീയ പ്രചാരണം നടത്തിയെന്ന ആരോപണം; പി ജയരാജനെ പിന്തുണച്ച് കെ.ടി. ജലീൽ

തൃക്കരിപ്പൂർ ഉപതിരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം വീടുകളിൽ കയറി മുസ്ലിം ലീഗ് വർഗീയ പ്രചാരണം നടത്തിയെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്റെ ആരോപണത്തെ പിന്തുണച്ച് മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്ത്. ഇത്തരം പ്രചാരണങ്ങൾ ലീഗിന്റെ “സ്ഥിരം കലാപരിപാടി”യാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.

ഇടതുപക്ഷ സ്ഥാനാർഥികളായി മത്സരിക്കുന്ന മുസ്ലിം നേതാക്കൾക്കെതിരെ മതപരമായ ആരോപണങ്ങൾ ഉയർത്തുകയും ന്യൂനപക്ഷ വോട്ടുകൾ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ലീഗിന്റെ പതിവ് രീതിയാണെന്ന് ജലീൽ പറഞ്ഞു. മങ്കടയിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിച്ച മഞ്ഞളാംകുഴി അലി, തൃത്താലയിൽ മത്സരിച്ച മമ്മിക്കുട്ടി, ചങ്ങനാശ്ശേരിയിൽ മത്സരിച്ച ഡോ. ബി. ഇക്ബാൽ തുടങ്ങിയവർക്കെതിരെ സമാന പ്രചാരണങ്ങൾ നടന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്കെതിരെയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വ്യാജ പ്രചാരണങ്ങളും വ്യാജ സ്ക്രീൻഷോട്ടുകളും പ്രചരിപ്പിച്ചിരുന്നുവെന്ന് ജലീൽ ആരോപിച്ചു. ന്യൂനപക്ഷ വോട്ടുകൾ തടയുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അത്തരം നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ സ്ഥാനാർഥികളായ മുസ്ലിം നേതാക്കൾക്കെതിരെ മതവിശ്വാസവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നയിക്കുന്നവരാണ്, അതേ നേതാക്കൾ ലീഗ് സ്ഥാനാർഥികളായാൽ അവരെ മികച്ച മുസ്ലിംകളായി അവതരിപ്പിക്കുന്നതെന്നും ജലീൽ വിമർശിച്ചു.

ഒരേസമയം രഹസ്യമായി വർഗീയത പ്രചരിപ്പിക്കുകയും പരസ്യമായി മതേതരത്വത്തിന്റെ വക്താക്കളായി സ്വയം അവതരിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സമീപനമാണ് ലീഗിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ലീഗിന്റെ ഈ “അഭിനയമികവിന്” മുന്നിൽ സിനിമാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പോലും തോറ്റുപോകുമെന്ന പരാമർശവും ജലീൽ ഫേസ്ബുക്ക് കുറിപ്പിൽ നടത്തി.

തൃക്കരിപ്പൂരിൽ മുസ്ലിം ലീഗ് വർഗീയ പ്രചാരണം നടത്തിയതായി തെളിവുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ കേസുകൊടുക്കട്ടെയെന്നുമായിരുന്നു നേരത്തെ പി. ജയരാജന്റെ വെല്ലുവിളി.

മറുപടി രേഖപ്പെടുത്തുക