സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്യുന്ന മലയാളി യുവതിയെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങിയതിന് പിന്നാലെ കാണാതായത്. വിമാനത്താവളത്തിൽ എത്തിയെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശമാണ് കുടുംബത്തിന് അവസാനമായി ലഭിച്ചത്.
നാല് ദിവസം മുമ്പാണ് റിയാദിൽ നഴ്സായി ജോലി ചെയ്യുന്ന ഫിലോമിന അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയത്. വിമാനത്താവളത്തിൽ വെച്ച് തന്റെ ഫോൺ വാങ്ങിവെച്ചതായി ഫിലോമിന അവസാനമായി വീട്ടുകാരെ അറിയിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പാസ്പോർട്ടും വാങ്ങിവെച്ചതായി യുവതി അറിയിച്ചതായും കുടുംബം പറയുന്നു.
ജിദ്ദയിൽ എത്തിയശേഷം മകളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി. തുടർച്ചയായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് ബന്ധുക്കൾ ആശങ്കയിലാണ്.
സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് കുടുംബം പറയുന്നു. ഫിലോമിനയുടെ സുഹൃത്തുക്കളുമായി അന്വേഷിച്ചപ്പോൾ യുവതി അവിടെ എത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ഫിലോമിനയെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. യുവതിയെ കാണാതായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
