വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധനയായ എസ്.ഐ.ആർ നടപടികളെ ചോദ്യം ചെയ്തും ജന്തർ മന്തറിലെ പ്രതിഷേധ നിയന്ത്രണത്തിനെതിരെയും സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി നോട്ടീസയച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ പത്തോളം പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച ഹർജിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോടും കേന്ദ്ര സർക്കാരിനോടും കോടതി വിശദീകരണം തേടി. ജന്തർ മന്തറിലെ പ്രതിഷേധ വേദി സംബന്ധിച്ച നടപടിയിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് നൽകിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും മറുപടി നൽകാൻ അവസരം നൽകുകയാണെന്ന് കോടതി വ്യക്തമാക്കി. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്നും വ്യാഴാഴ്ച കോടതി നിരീക്ഷിച്ചു.
ജന്തർ മന്തറിനെ പ്രതിഷേധ വേദിയായി നിലനിർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഒക്ടോബർ 11-ലെ ഡൽഹി പൊലീസ് ഉത്തരവുപ്രകാരം കിഴക്കൻ ഡൽഹിയിലെ രാംലീല മൈതാനം, ബുരാരി മൈതാനം, സിബിഡി മൈതാനം എന്നിവ പ്രതിഷേധ വേദികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി നിർദേശിച്ച മൂന്ന് സ്ഥലങ്ങളിൽ പ്രതിഷേധം നടത്തുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയറും (എസ്ഒപി) പുറത്തിറക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം, സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധിയുടെ നടപടിയിലും കോടതി നീരസം പ്രകടിപ്പിച്ചു. കോടതി പരിസരത്തേക്ക് മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയ കോടതി, ഹർജിക്കാരന്റെ നടപടിയെക്കുറിച്ചും ചില കാര്യങ്ങൾ പറയാനുണ്ടെന്ന് വ്യക്തമാക്കി.
