ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റു; പിന്നിൽ അന്യസംസ്ഥാന ട്രാവൽ ഏജൻസികൾ

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് തീർത്ഥാടകർക്ക് ഉയർന്ന വിലയ്ക്ക് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വൻകിട ട്രാവൽ ഏജൻസികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവുകളും ഒടിപി പരിശോധനയുടെ അഭാവവും മുതലെടുത്തായിരുന്നു തട്ടിപ്പ്. ഒരൊറ്റ മൊബൈൽ നമ്പർ ഉപയോഗിച്ച് നിരവധി ബുക്കിങ്ങുകൾ നടത്തിയാണ് ഏജൻസികൾ സ്ലോട്ടുകൾ കൈക്കലാക്കിയത്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ലോട്ടുകൾ തീർന്നതോടെ പണം നൽകി ട്രാവൽ ഏജൻസികളെ ആശ്രയിക്കേണ്ട സാഹചര്യത്തിലായി തീർത്ഥാടകർ.

പിന്നീട് അനധികൃതമായി നടത്തിയ ഇത്തരം കൂട്ടബുക്കിങ്ങുകൾ റദ്ദാക്കിയതാണ് തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായതെന്നും വിജിലൻസ് വിലയിരുത്തുന്നു. സംഭവത്തിൽ സൈബർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. സംശയനിഴലിലുള്ള ട്രാവൽ ഏജൻസികളെ ഉടൻ ചോദ്യം ചെയ്യും.

അതേസമയം, ശബരിമലയിലെ പ്രതിദിന ദർശന പരിധി 80,000-ൽ നിന്ന് 90,000 ആയി ഉയർത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഇതിന് അനുമതി തേടി ദേവസ്വം കമ്മീഷണർ മുഖേന ഹൈക്കോടതിയെ സമീപിക്കും.

തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പന്തളത്ത് പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിക്കാനും വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ വിപുലീകരിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. റദ്ദാക്കപ്പെടുന്ന സ്ലോട്ടുകൾ വീണ്ടും ബുക്കിങ്ങിനായി ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും പുനഃപരിശോധിക്കും.

സ്ലോട്ട് തട്ടിപ്പ് പുറത്തുവന്നതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിൽ ഒടിപി പരിശോധന കർശനമാക്കിയിട്ടുണ്ട്. അടുത്ത തീർത്ഥാടന കാലത്തിന് മുമ്പായി നിലവിലെ സോഫ്റ്റ്‌വെയർ പൂർണമായും പരിഷ്കരിക്കാനും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ദേവസ്വം ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക